കോളജിൽ എത്തിയാല്‍ തടയാന്‍ കാത്ത് എസ്.എഫ്‌.ഐ; ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച് ഡോ. രമ

കാസര്‍ഗോഡ് ഗവ. കേളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച് 31 വരെയാണ് രമ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാണെന്നാണ് വിശദീകരണം. രമയെ കോളേജില്‍ തടയുമെന്ന് എസ്എഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് ഡോ. രമ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്ന വാര്‍ത്താക്കുറിപ്പിലൂടെയാണ് രമ വ്യക്തമാക്കിയത്.

എസ്എഫ്ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നു. ആള്‍ക്കൂട്ടം സൃഷ്ടിച്ച് ദേഹോപദ്രവമേല്‍പിച്ച് കൊല്ലുവാനുള്ള ശ്രമം എസ്എഫ്‌ഐ നടത്തിയെന്നും രമ ആരോപിച്ചിരുന്നു.

കോളേജിലെ പ്രശ്നങ്ങള്‍ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഞാന്‍ നല്‍കിയ അഭിമുഖം എന്റെ ഭര്‍ത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. കോളേജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങള്‍ ഞാന്‍ ചാനല്‍ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളേജ് കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഡോ. രമ പറയുന്നു.