കരമനയിലെ ദുരൂഹമരണങ്ങള്‍; എഫ്.ഐ.ആറിൽ മുന്‍ കളക്ടര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികള്‍

കരമനയില്‍ ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ട കൂടത്തിൽ വീട്ടിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്തത് മൂന്ന് തരത്തിലെന്നു വ്യക്തമാക്കി പൊലീസിന്റെ എഫ്ഐആര്‍. വില്‍പത്രത്തിനു പുറമെ ജയമാധവന്‍ ജീവിച്ചിരിക്കെ ഭൂമി വിറ്റ് പണം കൈക്കിലാക്കിയെന്നും പൊലീസ് അറിയിച്ചു. കരമന പൊലീസ് എടുത്ത എഫ്ഐആറില്‍ കാര്യസ്ഥനടക്കം പന്ത്രണ്ട് പേരെ പ്രതികളാക്കിയെങ്കിലും ദുരൂഹമരണത്തെ കുറിച്ച് പരാമര്‍ശമില്ല. മുന്‍ കളക്ടര്‍ മോഹന്‍ദാസും പ്രതിപ്പട്ടികയിലുണ്ട്

കൂടത്തില്‍ കുടുംബാംഗമായ പ്രസന്നകുമാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വത്ത് തട്ടിപ്പിന് മാത്രമാണ്  പൊലീസിന്റെ എഫ്ഐ ആര്‍. ജയമാധവന്‍ നായരുടെ പേരിലുണ്ടായിരുന്ന കോടികളുടെ ഭൂമിയും വീടും തട്ടിയെടുത്തതു മൂന്നു തരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തേത് ജയമാധവന്‍ നായര്‍ ജീവിച്ചിരിക്കെ, ബന്ധുവായ പ്രകാശും സഹായികളായ രവീന്ദ്രന്‍ നായരും സഹദേവനും ചേര്‍ന്ന് ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ജയമാധവന്‍ നായരെയും ബന്ധുക്കളെയും കൊണ്ട് കോടതിയില്‍ കേസ് കൊടുപ്പിച്ചു.

Read more

ഒടുവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയതിലൂടെ രക്തബന്ധമില്ലാത്ത രവീന്ദ്രന്‍ നായരും സഹദേവനും ഉള്‍പ്പടെയുള്ളവര്‍ ഭൂമി വീതിച്ചെടുത്തു. രണ്ടാമതായി ജയമാധവന്‍ നായരുടെ കൈവശമുള്ള ഭൂമി വിറ്റ് ആ പണം രവീന്ദ്രന്‍ നായര്‍ കൈക്കലാക്കി. മൂന്നാമതായി രവീന്ദ്രന്‍ നായരും സുഹൃത്ത് അനില്‍കുമാറും വീട്ടുജോലിക്കാരിയായ ലീലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വില്‍പത്രം തയ്യാറാക്കിയും ഭൂമിയും വീടും തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. ഗൂഢാലോചനയും സാമ്പത്തിക തട്ടിപ്പും ഉള്‍പ്പെടെ നാല് വകുപ്പുകള്‍ ചുമത്തിയിരിക്കുന്ന കേസില്‍ രവീന്ദ്രന്‍നായരും കാര്യസ്ഥനായ സഹദേവനും ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് പ്രതികള്‍. ഇതില്‍ ജയമാധവന്റെ ചില ബന്ധുക്കളുമുണ്ട്. വസ്തു തട്ടിപ്പിന് അപ്പുറം മരണത്തിലെ ദുരൂഹതയെ കുറിച്ചൊന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.