കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞനിന്നയാളാണ് കനകദുര്‍ഗ.

ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രമായ ‘പട’യിലെ യഥാര്‍ത്ഥ സമരനായകന്‍ കൂടിയാണ് വിളയോടി ശിവന്‍കുട്ടി. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.