കളമശേരി ദുരന്തം; തെരച്ചില്‍ നിര്‍ത്തി; ആരും മണ്ണിനടിയിലില്ലെന്ന് നിഗമനം

കളമശേരിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചില്‍ നിര്‍ത്തിവച്ചു. ആരും മണ്ണിനടിയിലില്ലെന്ന് നിഗമനം.കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണം നിര്‍ത്തിവച്ചു.

ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഷംസുദീന്‍ എന്നയാളാണ് നിര്‍മ്മാണത്തിന്റെ സബ് കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്.

മരിച്ച ഫൈജുല്‍ , കൂദ്ദൂസ് , നൗജേഷ് , നൂറാമിന്‍ എന്നീ അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.