കടകംപള്ളി പറഞ്ഞത് പോലെ ഒറ്റത്തവണയല്ല, ഒന്നിലേറെ തവണ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ശബരിമല സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഒന്നിലധികം തവണ കടകംപള്ളി പോറ്റിയുടെ വീട്ടിലെത്തിയെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരുതവണ താന്‍ പോയിട്ടുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും മുന്‍ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ ഒന്നിലേറെ തവണ എത്തിയിട്ടുണ്ടെന്ന് പ്രദേശവാസി പറഞ്ഞിരുന്നു. ഇത് കടകംപള്ളി സുരേന്ദ്രന്‍ തള്ളുകയാണ് ചെയ്തത്.

Read more

എന്നാല്‍, പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് കടകംപള്ളി സുരേന്ദ്രന്‍ ഒന്നിലേറെ തവണ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട് എന്നാണ്. ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനേയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഒന്നിലധികം ചിത്രങ്ങളടക്കം ദുരൂഹമെന്ന ഇടതുപക്ഷത്തെ ആക്ഷേപങ്ങള്‍ക്ക് ഒടുവിലായിരുന്നു പ്രത്യേക അന്വേഷണ സംഘം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞതിന് വിരുദ്ധമായി പോറ്റിയുടെ വീട്ടില്‍ ഒന്നിലധികം തവണ പോയി എന്ന് വ്യക്തമാക്കുന്ന ചിത്രം വന്നതോടെ വിഷയം വീണ്ടും പ്രതിരോധിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് ഇടതുപക്ഷം.