വിശ്വാസികളെ തെരുവിലിറക്കരുത്; ശബരിമല യുവതീപ്രവേശത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണം: കടകംപള്ളി

ശബരിമലയില്‍ പ്രായഭേദമന്യേ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടു വരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടു വരണമെന്നും വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി പറഞ്ഞു.

ആചാരസംരക്ഷണം ഉറപ്പു വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആ സ്ഥിതിക്ക് നിയമം കൊണ്ടു വരേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും കടകംപള്ളി വ്യക്തമാക്കി.

ഉത്തരവാദിത്വം നിറവേറ്റി എന്നു പറയാന്‍ മാത്രമായിരിക്കാം എന്‍.കെ പ്രേമചന്ദ്രന്‍ ബില്ല് കൊണ്ടു വന്നതെന്നും കടകംപള്ളി വിമര്‍ശിച്ചു.

“ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍” എന്ന പേരിലാണ് എന്‍. കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്
17-ാം ലോക്സഭയിലെ ആദ്യ സ്വകാര്യബില്ലാണിത്.

ശബരിമല ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ട് വന്നിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയമാണ് ബി.ജെ.പിക്ക് തടസ്സമാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.