ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നാണംകെട്ടു; വിധി പിണറായിയുടെ മുഖത്തേറ്റ പ്രഹരം; ഗവര്‍ണര്‍ ശരിയെന്ന് വീണ്ടും തെളിഞ്ഞു: കെ. സുരേന്ദ്രന്‍

പ്രിയ വര്‍ഗീസിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ബാധകമാവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണിത്. രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി വിജയന്‍ മനസിലാക്കണം. ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. അടിസ്ഥാന യോഗ്യതയില്ലാത്തവരെ ഉയര്‍ന്ന പദവിയിലേക്ക് നിയമിച്ചു പോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത്. പ്രിയവര്‍ഗീസിന്റെ കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ട് വിസിമാരും ഉടന്‍ രാജിവെക്കണം. ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും നാണംകെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

സീതാറാം യെച്ചൂരിയും സംഘവും ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും മാര്‍ച്ച് നടത്തുമോയെന്നാണ് കേരളത്തിലെ ജനങ്ങള്‍ ചോദിക്കുന്നത്. നിയമവ്യവഹാരത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ഗവര്‍ണറാണ് ശരിയെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ ബിജെപി ജനകീയ പോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.