'കെ സുധാകരൻ ഇന്നലെ കഴിക്കുന്ന മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു, അതാണിങ്ങനെ'; നിയമ നടപടിക്കൊരുങ്ങി ഇ പി ജയരാജൻ

സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതാണിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇ.പി. ഇ.പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

സുധാകരൻ സാധാരണ ഇന്നലെ കഴിക്കുന്ന മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇ.പി ജയരാജൻ പറഞ്ഞു. കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ.പി പറഞ്ഞു.

കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേർത്തു. കെ സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.