സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല, ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിക്കും: പിന്തുണച്ച് രമേശ് ചെന്നിത്തല

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം സുധാകരന്‍ തന്നെ നിഷേധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ പ്രസ്താവനകള്‍ നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇനി വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മതേതര നിലപാടില്‍ പാര്‍ട്ടി ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഒരു മണിക്കൂറുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തില്‍ വന്ന ഒരു പിഴവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അത് നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇനി അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല.

കെ. സുധാകരന്‍ മേതതരവാദി തന്നെയാണ്. അദ്ദേഹത്തിന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിഷയത്തില്‍ മുസ്ലിം ലീഗിനുള്ള ആശങ്കകള്‍ പരിഹരിക്കും. ലീഗ് നേതാക്കളുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം നാളെ കൊച്ചിയില്‍ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. കെ. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിവെച്ചത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട കെ. സുധാകരന്റെ പ്രസ്താവനകള്‍ വിവാദമായിരിക്കെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരാന്‍ തീരുമാനിച്ചിരുന്നത്. പുതിയ തിയതി പിന്നീട് നിശ്ചയിക്കും.