വൈകിട്ട് പന്തംകൊളുത്തി പ്രതിഷേധം; എംപിമാര്‍ക്കെതിരായ പൊലീസ് അതിക്രമത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ

കോണ്‍ഗ്രസ് ഡിജിപി ഓഫീസ് മാര്‍ച്ചില്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഉച്ചതിരിഞ്ഞ് കരിദിനം ആചരിക്കുമെന്നും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ കെ സുധാകരൻ ലോക്സഭാ സ്പീക്കർക്ക് പരാതി നല്കുകയും ചെയ്തു.

താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ സുധാകരൻ ആരോപിക്കുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച കെ സുധാകരൻ പരിശോധന നടത്തിയ ശേഷം കെപിസിസി ഓഫീസിലെത്തി.

പ്രതിപക്ഷ നേതാവ്, മുന്‍ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇരിക്കുന്ന വേദിക്ക് പിറകിലേക്ക് ഗ്രാനേഡും ജലപീരങ്കിയും പ്രയോഗിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ച വേദിയ്ക്ക് പിന്നില്‍ ടിയര്‍ ഗ്യാസുകള്‍ പതിച്ചതോടെ വിഡി സതീശന്‍ പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കണ്ണീർ വാതക പ്രയോഗത്തിൽ പരിക്കേറ്റ കെ സുധാകരൻ, ചാണ്ടി ഉമ്മൻ, ജെബി മേത്തർ തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.