ആംആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് നേടാന്‍ ശ്രമിക്കും, സഹകരിക്കാന്‍ തയ്യാറാണെന്ന് കെ. സുധാകരന്‍

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെയും ആംആദ്മിയുടെയും വോട്ട് നേടാന്‍ ശ്രമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ്സ് രാഷ്ട്രീയപരമായി ട്വന്റി ട്വന്റിക്ക് എതിരല്ലെന്നും ജനങ്ങളില്‍ വേരോട്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് അതെന്നും അദ്ദേഹം ട്വന്റി ഫോറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, അധികാരം ഇല്ലാത്ത ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അങ്ങനെ ചെയ്തതുകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് എഎപി കേരളാഘടകം തിരഞ്ഞെടുപ്പില് നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.

അതുപോലെതന്നെ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്നാണ് ട്വന്റി ട്വന്റിയും വ്യക്തമാക്കിയത്.

മെയ് 31നാണ് തിരഞ്ഞെടുപ്പ്. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.