തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണ സംഘത്തിന് മൊഴി നൽകി മന്ത്രി കെ രാജൻ. പൂരം കലക്കലിൽ എംആർ അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിക്കുന്നതാണ് കെ രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണിൽ വിളിച്ചിട്ടും എംആർ അജിത് കുമാറിനെ കിട്ടിയില്ല. പ്രശ്‌ന സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇടപെട്ടില്ലെന്നും മന്ത്രി മൊഴി നൽകി.
എഡിജിപിയുടെ ഔദ്യോഗിക നമ്പറിലും പേഴ്‌സണൽ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും. ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
തൃശൂർ പൂരം അലങ്കോലമായതിൽ അജിത്കുമാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് ഡിജിപി അന്വേഷിക്കുന്നത്. അതേസമയം മൊഴി സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് കെ രാജൻ മാധ്യമങ്ങൾക്ക് നൽകിയ മറുപടി. ഒരു വിവാദവും ഇല്ലാതെ ഇത്തവണത്തെ പൂരം അതിഗംഭീരമായി നടത്തുമെന്നും കെ രാജൻ പ്രതികരിച്ചു.