സില്‍വര്‍ ലൈന്‍ കക്കൂസില്‍ കല്ലിട്ട പദ്ധതി; വെജിറ്റേറിയനായ വിഴിഞ്ഞം സമരത്തെ പിണറായി നോണ്‍ വെജിറ്റേറിയന്‍ ആക്കരുത്; താക്കീതുമായി കെ. മുരളീധരന്‍

വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇടപ്പോള്‍ നടക്കുന്ന സമരം വെജിറ്റേറിയനാണ് അതിനെ പിണറായി സര്‍ക്കാര്‍ നോണ്‍ വെജിറ്റേറിയന്‍ ആക്കരുതെന്ന് കെ. മുരളീധരന്‍ എം.പി. 450 കോടി പാക്കേജിനായി മത്സ്യത്തൊഴിലാളികള്‍ ആറര വര്‍ഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ നിലപാട് എടുത്തത്. തീരദേശ മേഖലയിലുള്ളവര്‍ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം നല്‍കണം.

സമരക്കാര്‍ക്കെതിരെ വര്‍ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്. ഇത് അധഃപതനാണ്. സംഘ്പരിവാറിനെ കൂട്ടുപിടിച്ചാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്. എന്ത് സംഭവം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു. സര്‍ക്കാര്‍ എല്ലാ ദേഷ്യവും തീര്‍ക്കുന്നത് ഇപ്പോള്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണെന്നും മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കക്കൂസില്‍ വരെ കല്ലിട്ട പദ്ധതിയാണ് അതു ചീറ്റിപ്പോയെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ ഏതിപ്പില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നിര്‍മാണം തടസപ്പെടുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട് എത്തിക്കുന്ന നിര്‍മാണ സാമഗ്രഹികള്‍ പ്രതിഷേധക്കാര്‍ തടയുകയാണെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.

ഹര്‍ജി പരിഗണിക്കവെ, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സര്‍ക്കാര്‍ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

Read more

നേരത്തേ ഹര്‍ജി പരിഗണിക്കവെ വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ എന്തു നടപടികളാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പു നല്‍കിയ കോടതി, കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.