വേട്ടക്കാരന്‍ ആരെന്ന് കോടതി കണ്ടെത്തട്ടെ, ഇതെല്ലാം ശ്രീലേഖ പറയേണ്ടത് കോടതിയില്‍; കെ. മുരളീധരന്‍

നടിയെ ആക്രമിച്ച കേസില്‍ വേട്ടക്കാരന്‍ ആരാണെന്ന് കണ്ടെത്തേണ്ടത് കോടതിയാണെന്ന് ് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഇപ്പോള്‍ യു ട്യൂബ് ചാനല്‍ വഴി പറഞ്ഞ കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇരക്കൊപ്പമാണ് താന്‍ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണത്തിന് ആര്‍.എസ്.എസിനെതിരായ നിലപാടാണ് അന്നും ഇന്നും കോണ്‍ഗ്രസിനെന്നായിരുന്നു കെ മുരളീധരന്റെ മറുപടി.സി.പി.എമ്മിനാണ് ആര്‍എസ്എസ് ബന്ധമെന്നും കെ മുരളീധരന്‍ പറഞ്ഞു

അതേസമയം ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ പ്രതി നിരപാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

വെളിപ്പെടുത്തലുകളെ കുറിച്ച് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശിക്ഷിക്കാന്‍ തക്ക തെളിവുകളില്ലെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ ഡിജിപി വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് നിരപരാധിയാണ്. ദിലീപിന് എതിരെ തെളിവുകള്‍ ഒന്നുമില്ല. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വന്നത്. ഈ കത്ത് സുനിയുടെ സഹതടവുകാരനായ വിപിനാണ് എഴുതിയത്. അയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു.