കെ. സുധാകരന്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പം; ലീഗിനെ പേടിക്കുന്ന നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറെന്ന് കെ. സുരേന്ദ്രന്‍

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ മനസ് ബിജെപി ക്ക് ഒപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമാവും. കെ. സുധാകരന്റെ അഭിപ്രായം മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ട്. ലീഗിനെ പേടിച്ച് പ്രവര്‍ത്തിക്കേണ്ട അരക്ഷിതാവസ്ഥയിലാണ് അവര്‍. അത്തരം നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി തയ്യാറാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ചാരി മുസ്ലിംലീഗ് ഇടതു മുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് മനസിലാവുന്നില്ല. ലീഗ് ആണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന നില വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേക്കാള്‍ ശക്തമാണ് ലീഗ് നേതൃത്വം.

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി വേണമെന്നും അദേഹം പറഞ്ഞു. പരാതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോടതിയെന്നും മാര്‍ച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്. ഓഫീസിലെത്തി ഹാജര്‍ നല്‍കിയ ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്. ഉത്തരവ് ഇറക്കിയല്ല ആരും സമരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ കഴിയും. തെളിവുകള്‍ ഹൈക്കോടതിക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ രാജ്ഭവന്‍ മാര്‍ച്ച് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് വ്യക്തമായി. സര്‍ക്കാര്‍ തന്നെ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം രാജ്ഭവന്‍ മാര്‍ച്ചില്‍ ഉന്നയിക്കുന്ന ആവശ്യം ജനങ്ങളും തള്ളുമെന്നുറപ്പാണ്. മറ്റു വിസിമാരും ഫിഷറീസ് സര്‍വ്വകലാശാല വിസിയെ പോലെ നാണംകെട്ട് ഇറങ്ങി പോവേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.