സുപ്രീം കോടതിയുടേത് അവസാനവാക്കല്ല; ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസ്യത കുറഞ്ഞെന്നും ജസ്റ്റിസ് കെമാല്‍ പാഷ

സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണമെന്നില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീം കോടതിക്ക് മുകളില്‍ മറ്റൊരു കോടതി ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവ ശരിയാകുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ജനങ്ങളില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത കുറഞ്ഞു വരുന്ന സാഹചര്യമാണു രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഈ അടുത്ത കാലങ്ങളില്‍ നടന്ന നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കുവൈത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശമാണ്. എന്നാല്‍ അതൊന്നും ആര്‍ക്കെങ്കിലും ലഭിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. അഭിപ്രായ പ്രകടനത്തിനു നിരവധി നിയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നിരവധി പേര്‍ വീട്ടുതടങ്കലില്‍ കഴിയുന്നു. കുല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ അനുഭവങ്ങള്‍ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഉണ്ടായതാണ്. ഭയത്തിന്റെ പേരിലാണു പലരും അഭിപ്രായം പറയാന്‍ മടിക്കുന്നത്.

ആള്‍കൂട്ട കൊലയുടെ പേരില്‍ അഭിപ്രായം പ്രകടിപ്പിച്ച അടൂര്‍ ഗോപാല കൃഷ്ണനോട് പറഞ്ഞത് പോലെ തന്നെയും ചന്ദ്രനിലേക്ക് അയക്കുകയാണെങ്കില്‍ അതിനു താനും തയ്യാറാണെന്നും അദ്ദേഹം പരിഹസിച്ചു.

മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ആധാരത്തില്‍ വില കുറച്ചു കാണിച്ചു എന്നതിന്റെ പേരില്‍ നഷ്ട പരിഹാരവും കുറച്ചേ നല്‍കാവൂ എന്ന് പറയുന്നത് ശരിയല്ല. ഫ്ളാറ്റിന്റെ വിപണി വില അടിസ്ഥാനമാക്കിയായിരിക്കണം നഷ്ടപരിഹാരം നല്‍കേണ്ടത്.

ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ സമ്പന്നരാണെന്നാണു ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ സ്വന്തമായി ഭൂമി വാങ്ങി വീടു വെയ്ക്കാന്‍ സാധിക്കാത്തവരാണു ഭൂരിഭാഗം ഫ്ളാറ്റ് ഉടമകളും. അവര്‍ക്കുണ്ടായ ഗതി അനധികൃതമായി നിര്‍മ്മിച്ച മറ്റു നിരവധി കെട്ടിടങ്ങള്‍ക്കും സമീപഭാവിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്റെ പതിമൂന്നാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു കെമാല്‍ പാഷ.