ജിഷ്ണു പ്രണോയിയുടെ ചരമവാര്‍ഷികദിനം ആചരിക്കാനിരിക്കെ,മാനേജ്‌മെന്റ് കോളേജിന് അവധി നല്‍കി ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

പാമ്പാടി നെഹ്രുകോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ചരമവാര്‍ഷിക ദിനം ആചരിക്കാനിരിക്കെ മാനേജ്‌മെന്റ് കോളേജിന് അവധി നല്‍കിയതായി ആരോപണം. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാര്‍ഷികദിനം അട്ടിമറിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. അനുസ്മരണം നടത്താതിരിക്കുന്നതിനുവേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്.

2016 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വരുന്ന ജനുവരി അഞ്ചിന് എസ്എഫ്‌ഐ കോളേജില്‍ അനുസ്മണം നടത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ മാനേജ്‌മെന്റ് ജനുവരി അഞ്ച് മുതല്‍ എട്ട് വരെ കോളേജിന് അവധി നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. മൂല്യനിര്‍ണ്ണയ ചുമതല ഉള്ളതിനാല്‍ അധ്യാപകര്‍ കുറവായതിനാലാണ് അവധി നല്‍കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം.

എന്നാല്‍ മാനേജ്‌മെന്റിന്റെ ഗൂഢലക്ഷ്യമാണ് ഇതിന് പുറകിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. അനുസ്മരണ ദിവസം വ്യക്തമായി മാനേജ്‌മെന്റിന് അറിയാതിരുന്നതിനാലാണ് മൂന്ന് ദിവസവും അവധി നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു.കോളേജിന് അവധി നല്‍കിയതോടെ വിദ്യാര്‍ത്ഥികളെല്ലാംമാനേജമെന്റിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കടുത്ത പീഡനം മൂലമാണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. നിലവില്‍ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.