കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ താൻ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
സഭാംഗം കൂടിയായ ഒരു വനിതാ മന്ത്രി അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ അവരെ അവഗണിച്ച് വന്ദേ ഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തിൽ എന്തുകൊണ്ടാണ് കെഎസ്യു പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത് എന്നും അവർക്ക് പെൺകുട്ടികളില്ലേ? എന്നും സ്പീക്കർ ചോദിച്ചു.
Read more
രണ്ട് മാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതികളിൽ ഒരാളുടെ വീടിനു നേരെ ബോംബെറിയുകയുമുണ്ടായി.







