എങ്ങനെ പ്രചാരണത്തിന് ഇറങ്ങണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്; കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി. രാജീവ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കെ വി തോമസിനെ സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ്. കെ.വി തോമസ് ഉള്‍പ്പടെ ആരു വന്നാലും സ്വാഗതം ചെയ്യും. വികസനം വേണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ നാല് വര്‍ഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് കരുതുന്നവരാണ്. അതിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയല്ലാതെ മറ്റൊരാളില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞിരുന്നു. വികസന രാഷ്ട്രീയത്തിനായി തൃക്കാക്കരയില്‍ ഇടതിനൊപ്പം നില്‍ക്കും. കോണ്‍ഗ്രസ് വിടില്ലെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് തന്റെ സംസ്‌കാരമാണ്. ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വമാണ് നിര്‍ബന്ധിതനാക്കിയത്. ഇപ്പോഴും എഐസിസി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. എന്നാല്‍ പാര്‍ട്ടി ഒരു പരിപാടിയിലേക്കും വിളിക്കുകയോ അറിയിക്കുകയോ ചെയ്യുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. ഈ മാസം 12ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ മൂന്ന് മുന്നണികളും പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഉമ തോമസാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഡോക്ടര്‍ ജോ ജോസഫാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. ഇരുവരും ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ച നാമനിര്‍ദ്ദശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. മെയ് 31നാണ് വോട്ടെടുപ്പ് ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.