ഒരു വാചകം അടര്‍ത്തിയെടുത്ത് പറയുന്നത് ശരിയല്ല; കോടിയേരി സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് കെ. കെ ശൈലജ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിത അംഗവുമായ കെ.കെ ശൈലജ. സ്ത്രീസംവരണത്തെ കുറിച്ചുള്ള കോടിയേരിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. ചില വാക്കുകള്‍ മാത്രം അടര്‍ത്തി എടുത്തുകൊണ്ട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്ന് പറയുന്നത് ശരിയല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹം. ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പറയുന്നത് ശരിയല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

Read more

കഴിഞ്ഞ ദിവസം സിപിഎം പാര്‍ട്ടി കമ്മിറ്റിയില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്നായിരുന്നു കോടിയേരി മറുപടി നല്‍കിയത്. ഈ മറുപടിയാണ് വിവാദമായി മാറിയത്.