'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത വി മുരളീധരൻ എംഎൽഎയെ വിമർശിച്ച് എ എ റഹീം എം പി. മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്ത എന്ന് എ എ റഹീം ചോദിച്ചു. നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ എ റഹീം പറയുന്നു.

കുട്ടികളെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നുവെന്നും എ എ റഹീം പറയുന്നു. ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ എന്നും എ എ റഹീം പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ്

നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ!മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?
അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്…
ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ
അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..
ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എൽ എ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ്
ഈ സ്‌കൂളിലുള്ളത്.മിടുക്കരായ കുട്ടികൾ.
മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എം എൽ എ നിരുപാധികം മാപ്പ് പറയണം.മനുസ്മൃതി അല്ല,അംബേദ്‌കറും,ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്.

Read more

പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലാണ് വി മുരളീധരൻ എംഎൽഎ ഡസ്കിലിട്ട് കൊടുത്ത് മിഠായി വിതരണം ചെയ്‌തത്‌. മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് ഇട്ടുകൊടുക്കുകയായിരുന്നു.