ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

മുന്‍ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ക്രൈംബ്രാഞ്ച് സ,മര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗവാസ്‌കറിന് മര്‍ദ്ദനമേറ്റതായി പറയുന്നു. കോടതി വൈകാതെ വിചാരണ നടപടികളിലേക്ക് കടക്കും. 2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബറ്റാലിയന്‍ എഡിജിപി ആയിരുന്ന സുധേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത സവാരിക്കായി കൊണ്ടുപോയിരുന്നത് ഗവാസ്‌കറായിരുന്നു.

പ്രഭാത സവാരിക്കായി പോകുമ്പോള്‍ ഗവാസ്‌കറും സ്‌നിഗ്ധയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് സ്‌നിഗ്ധ ഗവാസ്‌കറെ അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തില്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. ഗവാസ്‌കര്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് സ്‌നിഗ്ധയും ഗവാസ്‌കറിനെതിരെ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് ക്രൈംബ്രാഞ്ച് പരാതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ പൊലീസ് അസോസിയേഷന്റെ ഇടപെടലാണ് ഗവാസ്‌കറിന് ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ പിന്തുണ നല്‍കിയത്.