അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല; ദിലീപിന് തിരിച്ചടിയായി പ്രോസിക്യൂഷന്‍ വാദം

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടയിതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പുരോഗതി എന്താണെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെടാനാകില്ലെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ദിലീപിന്റെ ഹര്‍ജി ജനുവരി 25ലേക്ക് മാറ്റി. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

Read more

കേസിലെ പുതിയ നാല് സാക്ഷഇകളെ 22ന് വിസ്തരിക്കാന്‍ വിചാരണ കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിലെ തെളിവുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ടെന്നും ദൃശ്യങ്ങള്‍ കൈമാറണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ട ഹര്‍ജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹര്‍ജിയും 25 ലേക്ക് മാറ്റി. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.