ഗര്‍ഭിണിയായ യുവതിയ്ക്ക് രക്തം മാറി നല്‍കിയ സംഭവം; നടപടിയെടുത്ത് ആരോഗ്യ വകുപ്പ്; രണ്ട് താത്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു; ഡ്യൂട്ടി നഴ്‌സിന് സസ്‌പെന്‍ഷന്‍

ഗര്‍ഭിണിയായ യുവതിയ്ക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. സംഭവത്തില്‍ പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് താത്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവ ചികിത്സയ്‌ക്കെത്തിയ വെളിയടങ്കോട് സ്വദേശിനിയായ റുക്‌സാനയ്ക്കാണ് രക്തം മാറി നല്‍കിയത്.

കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് റുക്‌സാനയ്ക്ക് രക്തം നല്‍കിയത്. വാര്‍ഡ് നഴ്‌സിനും ഡ്യൂട്ടി ഡോക്ടര്‍ക്കും ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് ഗര്‍ഭിണിയ്ക്ക് നല്‍കിയത്.

രക്തം കയറ്റിയതോടെ റുക്‌സാനയ്ക്ക് ആദ്യം വിറയല്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരം അറിയിച്ചപ്പോഴാണ് പരിശോധന നടത്തുന്നതെന്നും രക്തം മാറി നല്‍കിയ വിവരം അറിയുന്നതും. ഇതേ തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റുക്‌സാന നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്.