കൊല്ലത്ത് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാര്‍ (68) ആണ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുനിന്ന് വിജയകുമാറിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ വിജയകുമാറിന്റെ സഹോദരിയുടെ വീടിനു സമീപം വീറകു കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീ കത്തുന്നതായി കണ്ടു. ഉടന്‍തന്നെ സഹോദരിയും മറ്റുള്ളവരും ചേര്‍ന്ന് തീയണച്ചു.

എന്നാല്‍ രാവിലെ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കാണുന്നത്. അന്വേഷണത്തില്‍ മരിച്ചത് വിജയകുമാര്‍ ആണെന്ന് മനസ്സിലായി.

കെട്ടിടനിര്‍മാണ തൊഴിലാളിയായ വിജയകുമാര്‍ കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.