18 വയസ്സിനു മുകളിലുള്ളവരില്‍ 100 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കി, ആകെ വാക്സിനേഷന്‍ അഞ്ച് കോടി

കേരളത്തില്‍ ആദ്യഡോസ് വാക്സിനേഷന്‍ 18 വയസ്സിനു മുകളിലുള്ളവരില്‍ 100 ശതമാനം പേര്‍ക്കും നല്‍കി കഴിഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍. ഇതുവരെ ആകെ 5 കോടി വാക്സിനേഷന്‍ സംസ്ഥാനത്ത് നല്‍കിക്കഴിഞ്ഞു. രണ്ടു ഡോസ് വാക്സിനേഷന്‍ 83 ശതമാനം പേര്‍ക്കും ലഭ്യമായി.

ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 61 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി കഴിഞ്ഞു. വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ നടപ്പാക്കാനായത് നിലവിലെ അതിതീവ്ര വ്യാപന ഘട്ടത്തില്‍ ഗുരുതര രോഗവസ്ഥകളും മരണങ്ങളും പരമാവധി കുറയ്ക്കുന്നതിന് സഹായകമാകും.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം കേരളം പൂര്‍ത്തിയാക്കിയത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. അതുപോലെ 60 വയസിന് മുകളിലുള്ളവരക്ക് വാക്സിന്‍ നല്‍കുന്നതിനായും പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി, വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍, സ്‌കൂളുകളിലെ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി.