ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി. 2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികൾ ആണെന്ന് സ്ഥാപനത്തിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപ് പറഞ്ഞു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ലെന്നും കെ ബി പ്രദീപ് പറഞ്ഞു.
കമ്പനിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് മറ്റ് എന്തെങ്കിലും ലാക്കർ ചെയ്യുകയോ കോട്ട് ചെയ്യുകയോ ചെയ്‌തിട്ടുള്ള ഒരു സാധനവും ഗോൾഡ് ഡെപ്പോസിറ്റ് പ്ലേറ്റിങ്ങിന് വേണ്ടിയിട്ട് തങ്ങൾ സ്വീകരിക്കാറില്ലെന്നും കെ ബി പ്രദീപ് വ്യക്തമാക്കി. 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ല. 38 കിലോഗ്രാം ഉള്ള ആർട്ടിക്കിൾസ് ആണ് അന്ന് പ്ലേറ്റിങ്ങിലേക്ക് പോയിട്ടുള്ളത്. 397 ഗ്രാം ആണ് അന്ന് ഡെപ്പോസിറ്റ് ചെയ്തത്. 40 വർഷത്തെ വാറണ്ടിയിലാണ് ഞങ്ങൾ ആ വർക്ക് ചെയ്തിട്ടുള്ളത്.
ആറു വർഷം കഴിഞ്ഞപ്പോൾ അതിൽ മാനുഷിക ഇടപെടൽ കൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ, ശില്പങ്ങളുടെ ബേസിലും മറ്റും സ്വർണം തേഞ്ഞുപോയതായി കണ്ടു. അതുകൊണ്ട് അത് റിപ്പയർ ചെയ്യണമെന്ന് പറഞ്ഞു. വാറണ്ടിയിൽ ഉള്ള സാധനമാണ്, ഞങ്ങൾ റിപ്പെയർ ചെയ്‌തു കൊടുക്കണം ഫ്രീ ഓഫ് കോസ്റ്റ്. പക്ഷെ സ്വർണത്തിൽ നഷ്‌ടം ഉണ്ടെങ്കിൽ അത് കമ്പനി വഹിക്കില്ല. കാരണം സ്വർണം ഞങ്ങളുടെ കമ്പനിയിലല്ലല്ലോ എടുക്കുന്നത്. 19.4 ഗ്രാമോ മറ്റോ ആണ് സ്വർണത്തിൽ കുറവ് വന്നിരിക്കുന്നത് കെ ബി പ്രദീപ് പറഞ്ഞു.
അതേസമയം ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന സാധനം എന്താണെന്ന് മാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കുകയുള്ളൂ എന്നും ശബരിമലയിൽ നിന്ന് അഴിച്ചത് തന്നെയാണോ കൊണ്ടുവന്നത് എന്ന് ചോദിച്ചാൽ അത് ഒരു അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണെന്നും സ്‌മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ ബി പ്രദീപ് കൂട്ടിച്ചേർത്തു.







