പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പോക്‌സോ ചുമത്തിയ ഷഫീഖ് അല്‍ ഖാസിമിയെ റിമാന്‍ഡ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവായി. ശിശുക്ഷേമ സമിതിയാണ് കുട്ടിയെ വിട്ടുനല്‍കേണ്ടത്. നേരത്തെ ജഡ്ജിയുടെ ചേംബറില്‍ വെച്ച് മാതാവിനൊപ്പം പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നു.

അതേസമയം കേസില്‍ കഴിഞ്ഞ ദിവസം  പിടിയിലായ ഖാസിമി കുറ്റം സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഈ ബന്ധം വെച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നും ഷെഫീഖ് പൊലീസിനോട് പറഞ്ഞു. പുറത്ത് പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പു വാങ്ങിയെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

പീഡനവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഖാസിമിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മധുരയില്‍ നിന്നാണ് ഖാസിമിയെ അറസ്റ്റു ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ ഖാസിമിയെ ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

പീഡനവിവരം വാര്‍ത്തയായതിനു പിന്നാലെ ഒളിവില്‍ പോയ ഖാസിമിയെ ഒന്നര മാസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്മാരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഖാസിമിയുടെ അറസ്റ്റെന്നാണ് സൂചന.