കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ഘട്ടത്തില്‍ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പാലത്തിന് നൽകേണ്ട സഹായം പോലും നൽകുന്നില്ലെന്നും കുറ്റപ്പെടുത്തി. കേരളത്തിന് അര്‍ഹതപ്പെട്ടത് പോലും നിഷേധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ രണ്ട് തരം ചിന്താഗതിയുള്ളവരാണ് ഉള്ളതെന്നും നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് മഹാഭൂരിഭാഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ചെറിയൊരു വിഭാഗം വികസനം ഇപ്പോൾ വേണ്ട എന്ന് ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ വേണ്ട എന്ന നിലപാട് നാട് അംഗീകരിക്കുന്ന അവസ്ഥ വന്നിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ നേട്ടം ഉണ്ടാവില്ലായിരുന്നു. 2016 ന് ശേഷം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് ഒന്നിന് പുറകെ ഒന്നായി കേരളം അഭിമുഖീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018 ലെ പ്രളയം നൂറ്റാണ്ടിലെ പ്രളയമായിരുന്നു. സ്വാഭാവികമായും സഹായം അര്‍ഹിച്ചിരുന്നു. ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. ആകെ നിരാശയില്‍ നിന്നാണ് 2016 ല്‍ എൽഡിഎഫ് ജനങ്ങൾക്ക് മുമ്പില്‍ പ്രകടനപത്രിക അവതരിപ്പിച്ചത്. ജനങ്ങളത് വിശ്വാസത്തിലെടുത്തു. ജനങ്ങളുടെ പ്രതീക്ഷ ഏറ്റെടുത്തതിന്റെ ഭാഗമായി ജനങ്ങൾ ഒരു ചൊല്ല് ഏറ്റെടുത്തു, എൽഡിഎഫ് വരും എല്ലാം ശരിയാവും.
മറ്റ് രാജ്യങ്ങളുടെ സഹായം പോലും മുടക്കുന്ന സാഹചര്യമുണ്ടായി. സാലറി ചലഞ്ച് ജീവനക്കാര്‍ നല്ല രീതിയില്‍ സഹായിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം അതിനെ എതിര്‍ത്തു. സഹായിക്കാത്ത കേന്ദ്രത്തിനൊപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അണിചേരുന്നതാണ് കേരളം കണ്ടത്. പ്രതിസന്ധി അതിജീവിച്ച കേരളത്തെ നോക്കി രാജ്യം ആശ്ചര്യപ്പെട്ടു. നമുക്കതില്‍ ആശ്ചര്യമില്ല. കേരളത്തിന്റെ ഐക്യമാണത്. അസാധ്യമായത് സാധ്യമാക്കാൻ ഒരുമ കൊണ്ട് കഴിഞ്ഞു. കേന്ദ്രം നല്‍കേണ്ട സഹായം നല്‍കാതെ വിഷമം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിച്ചു. അര്‍ഹതപ്പെട്ടത് പോലും നിഷേധിക്കപ്പെട്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.