ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണങ്ങളില്‍ വൈരുദ്ധ്യം; പിടിമുറുക്കി വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഒരുപകല്‍ മുഴുവന്‍ മാധ്യമങ്ങളില്‍ നിന്ന് മാറി നടന്ന ഇബ്രാഹിംകുഞ്ഞ് ഇന്നു രാവിലെയാണ് വിശദീകരണവുമായി എത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മുന്‍മന്ത്രിയുടെ മറുപടിയിലുണ്ടായ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് വിജിലന്‍സ് സംഘത്തിന്റെയും പിടിവളളി.

“ബജറ്റില്‍ വരാത്ത എല്ലാ വര്‍ക്കുകള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സുണ്ട്. അതിപ്പോഴും കൊടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരും കൊടുത്തിട്ടുണ്ട്…” പാലാരിവട്ടം പാലം കരാറുകാര്‍ക്ക് വഴി വിട്ട് എട്ടുകോടി കൊടുത്തതിനെ കുറിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്. എന്നാല്‍ കരാറില്‍ ഇല്ലാത്ത ഈ തീരുമാനത്തിന് പിന്നില്‍ ഗൂഡാലോചനയും അധികാര ദുര്‍വിനിയോഗവുമുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.

റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നതിന് മന്ത്രിയായ ഞാന്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്, മുന്‍കൂര്‍ പണം നല്‍കിയതില്‍ ചട്ടലംഘനമൊന്നുമില്ലെന്നാണ് അവകാശപ്പെടുന്നത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് അഥവാ പാലം പണിയ്ക്കുള്ള ഫണ്ട് ശേഖരിക്കാനടക്കമുള്ള മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്‌വഴക്കം കഴിഞ്ഞ എല്ലാ സര്‍ക്കാരുകളും തുടര്‍ന്ന് വരുന്നതാണ്. ഈ സര്‍ക്കാരും അത് ചെയ്യുന്നുണ്ട്. ബജറ്റിതര പ്രോജക്ടുകള്‍ക്കെല്ലാം ഇത്തരത്തില്‍ പണം നല്‍കാറുണ്ട്. ബജറ്റില്‍ തുക വകയിരുത്താത്ത എല്ലാ പദ്ധതികള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയും.

എന്നാല്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാമെന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു കുഞ്ഞിന്റെ മറുപടി. “”എഞ്ചിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. താഴെ നിന്ന് വന്ന ഫയല്‍ ഞാന്‍ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്””.

“”മന്ത്രിസഭാ യോഗത്തിലേക്ക് ഈ ഫയല്‍ പോയിട്ടില്ല. താഴെ നിന്നും ശിപാര്‍ശ ചെയ്തു വന്ന ഫയല്‍ മാത്രമെ താന്‍ കണ്ടിട്ടുള്ളൂ. അതിനനുസരിച്ചുള്ള നടപടിയാണ് എടുത്തത്. അതൊരു മന്ത്രിയുടെ അവകാശവും നയവുമാണ്”” – താഴേത്തട്ടില്‍ നിന്നെത്തിയ ഫയലില്‍ ഒന്നുമറിയാതെ ഒപ്പിട്ടതേയുളളുവെന്ന ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് ഉത്തരവാദിത്വത്തില്‍ നിന്നുളള ഒളിച്ചോട്ടമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

അതായത് മുന്‍കൂര്‍ പണം നല്‍കിയും തിരിച്ചടവ് പത്തു ശതമാനമാക്കിയതും കരാറുകാരെ സഹായിച്ചതുമെല്ലാം പ്രത്യേക പദ്ധതി എന്ന നിലയില്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ മുന്‍മന്ത്രി പറയുന്ന ഈ സര്‍ക്കാര്‍ നയം ക്യാബിനറ്റ് അറിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം നിര്‍മ്മിക്കാനുളള മന്ത്രിസഭയുടെ തീരുമാനം മറയാക്കിയാണ് പിന്നീട് മന്ത്രിയെടുത്ത ഉത്തരവുകളും സര്‍ക്കാര്‍ നയം എന്നു വ്യാഖ്യാനിക്കുന്നത്.

മുന്‍കൂറായി കിട്ടിയ എട്ടുകോടിയില്‍ നാലുകോടി രൂപ ഗൂഡാലോചനയില്‍ പങ്കെടുത്തവര്‍ വീതിച്ചെടുത്തു എന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ നിഗമനം. മന്ത്രിയായിരുന്ന കാലഘട്ടത്തിലെ ഇബ്രാഹിംകുഞ്ഞിന്റെ വരവുചെലവു കണക്കുകളും വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.