ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി ബിന്ദു അമ്മിണി രംഗത്ത്. ബീഫ് തനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ടെന്നും കപ്പ ആകാം എന്നും ബിന്ദു അമ്മിണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കപ്പയും ബീഫും സൂപ്പര്‍ ആണെന്നും ബിന്ദു അമ്മിണി കുറിച്ചു.
പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും ശബരിമലയിലെത്തിച്ച സർക്കാരാണ് അയ്യപ്പസംഗമം നടത്തിയതെന്നായിരുന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു എൻ കെ പ്രേമചന്ദ്രൻ വാക്കുകൾ.
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ അതിഥി മന്ദിരത്തില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തു. അതിന് ശേഷം പൊലീസ് വാനില്‍ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിക്കുകയായിരുന്നു എന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. 2018ല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി ഉണ്ടായപ്പോള്‍, വിധി പകര്‍പ്പ് കൈയില്‍ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കം പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന് ആരോപിച്ചു.
ഇതിനെതിരേയാണ് ഫേസ്ബുക്കിലെഴുതിയ ലഘു കുറിപ്പിലൂടെ ബിന്ദു അമ്മിണി എൻകെ പ്രേമചന്ദ്രന് മറുപടി നല്‍കിയിരിക്കുന്നത്. ‘ബീഫ് എനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നാണ് ബിന്ദു അമ്മിണി കുറിച്ചത്.







