ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയാവാനില്ല, ഒരു ദിനം കൊണ്ട് ലോകത്തെ മാറ്റിമറിക്കാനാവില്ല: ശശി തരൂര്‍

ഒറ്റ ദിവസത്തേക്ക് മാത്രമായി തന്നെ മുഖ്യമന്ത്രിയാക്കേണ്ടന്ന് ശശി തരൂര്‍ എംപി. ഒറ്റ ദിവസം കൊണ്ട് മാത്രം ആര്‍ക്കും ലോകത്ത് ഒരു മാറ്റം കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മാതൃഭൂമി സംഘടപ്പിക്കുന്ന സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരവസ്ഥയിലാണ് കേരളമെന്ന് തരൂര്‍ കുറ്റപ്പെടുത്തി. യുവാക്കളുടെ ശേഷി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. 25 വയസ്സില്‍ താഴെയുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മ കേരളത്തില്‍ 40 ശതമാനമെത്തി. കേരളത്തില്‍ ജോലി ലഭിച്ചില്ലെങ്കില്‍ അഭ്യസ്തവിദ്യര്‍ നാടുവിട്ടു പോവുന്നതാണ് സ്ഥിതി.

പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമില്ല. കോളേജില്‍ ഇരുന്നുതന്നെ കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ എക്സ്റ്റേണ്‍ഷിപ്പുമാവാം. അമേരിക്കയിലേതുപോലെ അക്കാദമിക്-വ്യവസായ സഹകരണം ഇവിടെയില്ല. സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്നു. അതനുസരിച്ച് സമകാലീന ലോകവുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു.

അതിനിടെ കേരളത്തില്‍ സജീവമാകാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ശശി തരൂര്‍ എംപിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലങ്കര കത്തോലിക്ക സഭയും രംഗത്തുവന്നു. പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണെന്നും ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.