ജപ്തി: വീടിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ

വീട് ബാങ്ക് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് സ്വന്തം വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. തിങ്കളാഴ്ചയാണ് സെല്‍വിയുടെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി വിജയാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ഇതിനു ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെല്‍വി പറയുന്നത്. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടര്‍ന്ന്, ഇനിയും 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ഇതിനു മുമ്പ് ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് ജപ്തി ചെയ്ത വീടു തുറന്ന് പ്രദേശവാസികള്‍ തന്നെ
സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.

ജപ്തിയില്‍ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ബാങ്ക് അധികൃതരൊന്നും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല.  ഇവിടെ ഇവര്‍ തനിച്ചാണ് താമസമെന്നാണ് ലഭിക്കുന്ന വിവരം. സെല്‍വിയുടെ ഭര്‍ത്താവ് കുറച്ചു നാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കള്‍ പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലാണുള്ളതെന്നാണ് സൂചന.