അത്യാഹിത വിഭാഗം ഡ്യൂട്ടി ബഹിഷ്‌കരണം പിന്‍വലിച്ച് ഹൗസ് സര്‍ജന്മാര്‍ ; ഇന്ന് രാത്രി എട്ട് മുതല്‍ ജോലിക്ക് കയറും

ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ നടത്തിവന്ന സമരത്തില്‍ മാറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്‌കരണം ഹൗസ് സര്‍ജന്മാര്‍ പിന്‍വലിച്ചു. ഇന്ന് രാത്രി എട്ട് മുതല്‍ ജോലിക്ക് കയറാനാണ് തീരുമാനം.

മുമ്പ് പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഒപി ബഹിഷ്‌കരണം തുടരാനാണ് പിജി ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമരവും പിന്‍വലിക്കണോയെന്നത് യോഗം ചേര്‍ന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വീണാ ജോര്‍ജ്ജുമായി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

Read more

മതിയായ സുരക്ഷയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്മാരെ നിയമിക്കൂവെന്ന ഉറപ്പും മന്ത്രിയില്‍ നല്‍കി. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിന്‍വലിക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചത്. കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഡോക്ടര്‍മാരുടെ സമരം.