അനുനയ നീക്കത്തിന്റെ ഭാഗമായി രണ്ടാം വട്ടവും രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്. കന്റോണ്‍മെന്റ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ചെന്നിത്തല അന്തിമതീരുമാനം എടുത്തിരുന്നില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രമേ കാബിനറ്റില്‍ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്നം വഷളാകാതിരിക്കാന്‍ ആഭ്യന്തരം നല്‍കിയുള്ള വിട്ടു വീഴ്ചയ്ക്ക് വി ഡി ഒരുങ്ങുന്നുവെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിന്റെ അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെയാണ് രണ്ടാംവട്ടം വി.ഡി. അനുനയ ശ്രമവുമായി ചെന്നിത്തലയെ കാണുന്നത്. ഇന്നലെയും അദ്ദേഹം വീട്ടിലെത്തി ചെന്നിത്തലയെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ആഭ്യന്തരത്തിന് പകരം ധനകാര്യം വാഗ്ദാനം ചെയ്താണ് വി ഡി അനുനയ ശ്രമത്തിന് ശ്രമിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തിന് ജൂനിയറായ സതീശന്റെ മന്ത്രിസഭയില്‍ ആഭ്യന്തരത്തിനെക്കാള്‍ പ്രാധാന്യം കുറഞ്ഞ വകുപ്പ് എങ്ങനെ സ്വീകാര്യമാകുമെന്ന ചോദ്യമാണ് രമേശിനൊപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്. ഇതോടെ പുതിയ ഫോര്‍മുല മുന്നോട്ടുവെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പ്രശ്നപരിഹാരത്തിന് മുന്‍കൈയ്യെടുക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്കുകയാണെങ്കില് ധനവകുപ്പ് വേണമെന്ന നിലപാടിലാണ് സതീശന്. ആഭ്യന്തരവകുപ്പില്‍ രമേശ് ചെന്നിത്തല കടുംപിടിത്തം തുടരുന്നതോടെയാണ് ആഭ്യന്തരമില്ലെങ്കില്‍ ധനകാര്യം വേണമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സതീശന് നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കുന്നതില്‍ നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് താല്പര്യമില്ല. കാരണം കേരളത്തില്‍ പൊതുവെ മുഖ്യമന്ത്രിമാര്‍ തന്നെയാണ് ആഭ്യന്തരം കയ്യില്‍ വെയ്ക്കാറ്. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ പിണറായി വിജയനായിരുന്നു ആഭ്യന്തരമന്ത്രി. എത്ര തന്നെ വിമര്‍ശനം ഉണ്ടായിട്ടും സിപിഎം മുഖ്യമന്ത്രി പിണറായി വകുപ്പ് മറ്റൊരാള്‍ക്കും നല്‍കിയില്ല. ഇടത് പക്ഷത്ത് മുന്‍പ് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം നല്കി പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെന്നതും രാഷ്ട്രീയ ചരിത്രമാണ്.
കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് തുടക്കത്തില്‍ ആഭ്യന്തരം ഭരിച്ചത്. തനിക്കെതിരേ വിജിലന്‍സ് അന്വേഷണം വന്നപ്പോഴാണ് ആഭ്യന്തര വകുപ്പ് ഉമ്മന്‍ചാണ്ടിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കും കൈമാറുകയായിരുന്നു. സോളാര്‍, ബാര്‍കോഴ കേസുകള്‍ വഷളാകാന്‍ കാരണം ഉമ്മന്‍ചാണ്ടി ആഭ്യന്തരം കൈകാര്യം ചെയ്യാതിരുന്നതു കൊണ്ടാണെന്ന വിലയിരുത്തല്‍ അന്ന് മുതല്‍ തന്നെ എ ഗ്രൂപ്പ് അനുയായികള്‍ക്ക് ഉണ്ട്.
Read more
എന്നാല്‍, മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടര്‍ന്ന് ചെന്നിത്തല പരിഭവം തുടരുന്ന പശ്ചാത്തലത്തില്‍ സതീശന് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയേക്കും. കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതെ പ്രശ്നപരിഹാരം കണ്ടെത്താനായിരിക്കും സതീശന്റെ ശ്രമം. അങ്ങനെ വരുമ്പോള്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്കി ധനകാര്യം സതീശന് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.







