എറണാകുളം പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സർക്കാരിന് രേഖാമൂലം മറുപടി നൽകിയെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണെന്ന് പറഞ്ഞ പ്രിൻസിപ്പൽ സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. വിദ്യാഭാസമന്ത്രി നിലപാട് വ്യക്തമാക്കി ഇന്നലെ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ടെന്നും കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം സ്കൂളിലെ ഹിജാബ് വിവാദത്തിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു.
സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മുൻ നിലപാട് തിരുത്തുന്നതായിരുന്നു ഇന്നലെത്തെ നിലപാട്.







