വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാന്‍ ഉന്നതതലയോഗം; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

വയനാട്ടില്‍ തുടരെയുള്ള വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണം, റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് വയനാട്ടിലാണ് യോഗം ചേരുന്നത്.

ജില്ലയിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നു. പുല്‍പ്പള്ളി ടൗണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും വാഹനം തല്ലിപ്പൊളിച്ചും നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

ജില്ലയിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്. വെള്ളിയാഴ്ച രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്.

ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പോളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എല്‍ഡിഎഫും, യുഡിഎഫും ബിജെപിയും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞ് റീത്ത് വച്ച പ്രതിഷേധക്കാര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ വച്ച് പ്രതിഷേധിക്കുന്നു.