ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് എസ്‌ഐടിയ്ക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി; പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്ഐടിക്ക് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണവുമായി മുന്നോട്ടുപോകാം. അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകത എസ്ഐടി കോടതിയെ അറിയിച്ചു.

സിപിഎം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി എസ്‌ഐടി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായി പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് ഈ നടപടികളൊക്കെ നടന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എസ്ഐടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്ഐടി കോടതിയെ അറിയിച്ചതോടെയാണ് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചത്. നേരത്തേ ആറാഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Read more

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ എഫ്ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.