പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി; നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുതെന്ന് നിർദ്ദേശം

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തകർന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്കും രൂക്ഷമാണ്.

ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്. അതേസമയം ഇടക്കാല ഉത്തരവിൻ്റെ വാദം ഹൈക്കോടതിയിൽ തുടരും.

Read more