ഭക്തരെ പിടിച്ചു തള്ളാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി; വിശദീകരണം തേടിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ഭക്തരെ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ തള്ളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞുവെന്നും, ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സംഭവം നീതികരിക്കാനാകാത്തതെന്നും കോടതി വ്യക്തമാക്കി.

ബോധപൂര്‍വ്വം ചെയ്ത സംഭവമല്ലെന്ന സര്‍ക്കാര്‍ മറുപടിയില്‍ കോടതി തൃപ്തരായില്ല. എങ്ങനെ ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ആകുമെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചു. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി ദേവസ്വം വാച്ചറെ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു.

തീര്‍ത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. ജീവനക്കാരന്‍ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീര്‍ത്ഥാടകനും പരാതി നല്‍കിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്.

ഭക്തര്‍ക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്‌പെഷ്യല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതല്ലാതെ മാറ്റ് നടപടികള്‍ എടുത്തിട്ടില്ലെന്നും അരുണ്‍കുമാറിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും അനന്തഗോപന്‍ പറഞ്ഞു. തീര്‍ഥാടകരെ തള്ളിയ സംഭവം വിവാദമായതോടെ സെക്യൂരിറ്റി ഗാര്‍ഡിനെ സന്നിധാനത്തെ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.