കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm കൂടുതല്‍ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

അതേസമയം, മഴയില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം തോന്നക്കലിലെ മണലകത്ത് 10 പേര്‍ക്ക് ഇടിമിന്നലേറ്റു. ഇവരില്‍ ഒമ്പത് പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. പരുക്ക് ഗുരുതരമല്ല.

തെക്കേ ഇന്ത്യക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ശ്രീലങ്കക്ക് മുകളില്‍ സ്ഥിതിചെയ്യുന്നുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.