ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനാണ് സാദ്ധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാദ്ധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ശനിയാഴ്ചയോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും.

നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരള–കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗൾഫ് ഓഫ് മാന്നാർ, വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾ, കൊമോറിൻ, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.