ആരോഗ്യ വകുപ്പ് വ്യാജ നിയമന കോഴ കേസ്; കുറ്റസമ്മതം നടത്തി പിടിയിലായ ബാസിത്; അഖില്‍ മാത്യുവിന്റെ പേര് പറയിച്ചത് താനെന്ന് മൊഴി

ആരോഗ്യ വകുപ്പ് വ്യാജ നിയമന കോഴ കേസില്‍ അഖില്‍ മാത്യുവിന്റെ പേര് പരാതിക്കാരനായ ഹരിദാസിനെക്കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. പരാതിക്കാരനില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്.

അതേ സമയം കേസില്‍ ഹരിദാസിനെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. അഖില്‍ മാത്യുവിന് പണം നല്‍കിയെന്നത് കെട്ടുകഥയാണ്. താന്‍ പറഞ്ഞിട്ടാണ് ഹരിദാസ് അത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് ബാസിത് മൊഴി നല്‍കി. പരാതിയില്‍ ഇത്തരത്തിലൊരു ആരോപണം താന്‍ എഴുതി ചേര്‍ത്തതാണെന്നും ബാസിത് പറഞ്ഞു. ഹരിദാസില്‍ നിന്ന് കൂടുതല്‍ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നും ബാസിത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബാസിതിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാളെ കോടതി റിമാന്‍ഡ് ചെയ്താല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന. അതേ സമയം കേസില്‍ റയീസ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനുണ്ട്.