മറുപടി പറയുന്നില്ല, നാളെ മുരളീജിയെന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ; കെ മുരളീധരനെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തള്ളിപ്പറഞ്ഞ കെ മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുരളീധരന്‍ കൂടി ബിജെപിയിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നാളെ മുരളീജിയെന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്ന് കരുതിയാണ് അദ്ദേഹത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയാത്തതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു ശോഭ സുരേന്ദ്രന്‍ മുരളീധരനെ പരിഹസിച്ചത്. ബിജെപിയിലേക്കെത്തുന്ന പത്മജയുമായി ഒരു ബന്ധവുമില്ലെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. കെ കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സ്വന്തം അച്ഛനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നുവെന്നാണ് അന്ന് മുരളീധരന്‍ പറഞ്ഞത്. കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് മുരളീധരന്‍ അച്ഛന്റെ പേര് വിലകുറച്ച് കാണിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ബിജെപിയ്ക്ക് ഇന്ന് രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുന്നു. ഒരു സഹോദരി കൂടി പ്രസ്ഥാനത്തിലേക്ക് എത്തിയെന്ന ശുഭ വാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും ശോഭ പറഞ്ഞു.