സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുത്; ശ്രീനിജന്റെ പരാതിയിലെ പൊലീസ് നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

കുന്നത്തുനാട് എംഎല്‍എ പിവി. ശ്രീനിജന്റെ പരാതിയില്‍ ട്വന്റി20 പാര്‍ട്ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എംഎല്‍എയുടെ പരാതിയില്‍ പുത്തിന്‍കുരിശ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി.

തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിലാണ് സാബു എം. ജേക്കബ് പ്രസംഗിച്ചതെന്ന് കാട്ടി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റ് തടഞ്ഞത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സാബു എം. ജേക്കബിനെ ഏതു വിധേനയും അറസ്റ്റ് ചെയ്യിക്കാനാണ് ശ്രീനിജന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

ട്വന്റി20 പാര്‍ട്ടി ജനുവരി 21ന് കോലഞ്ചേരിയില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം തടയാന്‍ ശ്രീനിജിന്‍ ശ്രമിച്ചെന്നും എന്നാല്‍ സമ്മേളനം നടത്താന്‍ ജനുവരി 19ന് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നുവെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. തുടറന്നാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.