വിദ്വേഷ പ്രസംഗമെന്ന് പരാതി; കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. കോഴിക്കോടെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയുള്ള ഷമ മുഹമ്മദിന്റെ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആർ.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ, മുസ്ലീം പളളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്‍റെ പ്രസം​ഗം. തിരുവനന്തപുരം സ്വദേശി അരുൺജിത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. താൻ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.

‘ഞാൻ മണിപ്പൂരിലെ കാര്യമാണ് പറഞ്ഞത്, ഒരു മതത്തിന് എതിരെയും പറഞ്ഞിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്തുന്ന കാര്യം പറഞ്ഞിട്ടില്ല. കോൺ​ഗ്രസ് പ്രവർത്തകരാകുമ്പോൾ കേരളാ പൊലീസ് വേ​ഗം എഫ്ഐആർ ഇടുന്നുണ്ട്. ഇത് ബിജെപിക്കാരുടെ കാര്യത്തിലും ആവാം’- ഷമാ മുഹമ്മദ് പറഞ്ഞു. കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാരനാണെന്നും ക്ഷമ മുഹമ്മദ് ചോദിച്ചു.