ദണ്ഡിയാത്രയുടെ സമയത്ത് ചാനലുകളുണ്ടായിരുന്നെങ്കില്‍ , ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ ബി.ജി.എം കേള്‍ക്കാമായിരുന്നു: ഹരീഷ് വാസുദേവന്‍

ദേശിയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വരുന്ന അരാഷ്ട്രീയ പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചില ചാനലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ ബി.ജി.എം കേള്‍ക്കാമായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാന്‍ കേരളത്തില്‍ സമരം ചെയ്യുന്നത് എന്തിന്, ഡല്‍ഹിയില്‍ പോയി സമരം ചെയ്യണ്ടേ എന്നു ജി.വിജയരാഘവന്‍ ഒരു ചര്‍ച്ചയില്‍ ചോദിക്കുന്നത് കേട്ടു. ആ കുയുക്തി പലരും പങ്കുവെച്ചു കണ്ടു.
ഇവര്‍ 1947 നു മുന്‍പ് ജീവിച്ചിരുന്നെങ്കില്‍, ഗാന്ധിജിയും നെഹ്രുവും ബ്രിട്ടീഷുകാരെ ഇന്‍ഡ്യയില്‍ നിന്ന് ഓടിക്കാന്‍ ലണ്ടനില്‍ പോയി വേണ്ടേ സമരം ചെയ്യാന്‍, ഇന്‍ഡ്യയില്‍ ഹര്‍ത്താല്‍ നടത്തിയിട്ട് പാവം ഇന്‍ഡ്യാക്കാരെ വലച്ചിട്ട് എന്ത് കാര്യമെന്ന് ചോദിച്ചേനെ ഇല്ലേ? ??
ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചില ചാനലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ BGM കേള്‍ക്കാമായിരുന്നു ??
സമരരീതികള്‍ മാറണം എന്ന ചര്‍ച്ച നടക്കട്ടെ, ഞങ്ങള്‍ സമരം ചെയ്യില്ല എന്നു പറയുന്നവര്‍ ഈ സമരം മുന്നോട്ട് വെച്ച 12 മുദ്രാവാക്യങ്ങള്‍ നേടാന്‍ പിന്നെന്ത് മാര്‍ഗ്ഗമാണ് നിങ്ങള്‍ ഇപ്പോള്‍ അവലംബിക്കുന്നത് എന്നുകൂടി പറയണം.
അതോ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുക എന്നത് കര്‍ഷകരുടെയും തൊഴിലാളികളുടെയും മാത്രം ആവശ്യമാണോ?? നിങ്ങളുടെ ആവശ്യം അല്ലേ??