കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം; സമരക്കാര്‍ ബസ് തടഞ്ഞ് കൊടിനാട്ടി

തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമരക്കാരുടെ ക്രൂര മര്‍ദ്ദനം. ബസ് തടഞ്ഞ് നിര്‍ത്തി പ്രതിഷേധക്കാര്‍ കൊടിനാട്ടി. ഡ്രൈവറേയും കണ്ടക്ടറേയും സമരക്കാര്‍ മര്‍ദ്ദിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു.

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കളിയിക്കാവിളയിലേക്ക് പുറപ്പെട്ട ബസാണ് സമരാനുകൂലികള്‍ തടഞ്ഞുനിര്‍ത്തിയത്. ആക്രണമണത്തില്‍ ഡ്രൈവര്‍ സജി കണ്ടക്ടര്‍ ശരവണഭവന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമരക്കാര്‍ വളഞ്ഞിട്ട് തല്ലിയെന്നും, ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ പറഞ്ഞു.

പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. ശരീരമാസകലം മര്‍ദ്ദിച്ചു. സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഫോട്ടോ എടുത്ത് സമരക്കാര്‍ വാട്‌സ്ആപ്പിലുടെ അയച്ചുകൊടുത്തു. ആക്രമണം ആസൂത്രിതമാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയത്.