ഹജ്ജ് സബ്‌സിഡി:നിലപാടില്ലാതെ കോണ്‍ഗ്രസ്; ബിജെപിയെ അനുകൂലിച്ച കേന്ദ്ര നേതൃത്വത്തെ തള്ളി കേരളം

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിത്തില്‍ നിലപാടില്ലാതെ കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സബ്്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാതെ അവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി എന്ന വിശദീകരണത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയത്. ഹജ്ജ് സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവാക്കുന്ന തുകയായ 700 കോടിയോളം രൂപ മേലില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തനുപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

45 വയസ്സിന് മുകളിലുള്ള മുസ്ലീം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അനുവാദം കൊടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്. നിലവിലുള്ള ഹജ്ജ് പോളിസി പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

അതേസമയം, സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുനാനിത്തിനെതിരേ മുസ്ലീം ലീഗ് രംഗത്തുവന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോപം നടത്തുന്നുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിലൂടെ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സബ്സിഡി പത്തുകൊല്ലത്തിനകം നിര്‍ത്തലാക്കണമെന്നും ആ തുക മുസ്ലിം സമുദായത്തിന്റെ സാമൂഹിക- വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും മെയ് എട്ടിന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ 405 കോടി രൂപ ഹജ്ജ് സബ്സിഡി ഇനത്തില്‍ ചെലവാക്കിയിരുന്നു. 2014ല്‍ 577 കോടിയും 2015 ല്‍ 529.51 കോടി രൂപയുമായിരുന്നു ചെലവാക്കിയത്.