ഗുജറാത്തിൽ ബിജെപിയിൽ ഗ്രൂപ്പ് വഴക്ക് ; സംസ്ഥാന ജനറൽ സെക്രട്ടറി രാജിവെച്ചു

ഗുജറാത്തിൽ ബിജെപി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. ഭിന്നതകളെത്തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജി വച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പ്രദീപ് സിൻഹ് വഗേലയാണ് സ്ഥാനം രാജിവെച്ചത്.

വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ അഴിമതി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.ആരോപണമുന്നയിച്ചതിന് മൂന്ന് ബിജെപി പ്രവർത്തകരെ ദക്ഷിണ ഗുജറാത്തിൽ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ചൌര്യസി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സന്ദീപ് ദേശായിയാണ് പരാതി നൽകിയത്. സമാനമായ മറ്റൊരു കേസിൽ പാട്ടീലിനെ അപകീർത്തിപ്പെടുത്തിയതിന് ജിനേന്ദ്ര ഷായെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ പാർട്ടിയിൽ ഗ്രൂപ്പ് വഴക്ക് ശക്തമായി. വിവാദങ്ങൾക്ക് പിന്നാലെ, ഏപ്രിലിൽ ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ടിനെ പാർട്ടിയുടെ തലപ്പത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുടെ തുടർച്ചയാണ് പ്രദീപ് സിൻഹ് വ​ഗേലയുടെ രാജി. ഗാന്ധിനഗറിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല.